ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിന്‍റെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴയ മലബാര്‍ ജില്ലയിലെ പാലക്കാട് താലൂക്കിനെ കരം പിരിക്കാനുള്ള സൌകര്യത്തിനായി വടമലപ്പുറം, തെന്മലപ്പുറം, നടുവട്ടം എന്നി മൂന്നു പ്രദേശങ്ങളായി തിരിച്ചിരുന്നു. 1765-66 കാലഘട്ടത്തില്‍ വടമലപ്പുറം പ്രദേശത്തെ 23 അംശങ്ങളായി വിഭജിച്ചു എന്നും, അതില്‍ എലപ്പുള്ളി, പള്ളത്തേരി എന്നീ രണ്ട് അംശങ്ങള്‍ ഉള്‍പ്പെടുന്നുവെന്നും വില്യംലോഹന്റെ മലബാര്‍ ഡിസ്ട്രിക്ട് മാന്വലില്‍ രേഖപ്പെടുത്തിക്കാണുന്നു. 1939-ല്‍ കലിംഗ ചെട്ടിയാര്‍ എന്ന മഹാമനസ്ക്കന്റെ ശ്രമഫലമായി പഞ്ചായത്തില്‍ വൈദ്യുതി എത്തി. 1898-ല്‍ എലപ്പുള്ളി മാണിക്കത്ത് കുട്ടികൃഷ്ണമേനോന്‍ ആദ്യത്തെ പ്രൈമറി സ്കൂള്‍ തുടങ്ങി. 1921-ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഏറ്റെടുക്കുകയും പിന്നീട് അത് ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. 1898-ല്‍ തപാലാഫീസ് സ്ഥാപിതമായി. 1929-ല്‍ ആശുപത്രി (ലോക്കല്‍ ഫണ്ട് റൂറല്‍ ഡിസ്പെന്‍സറി) പാറയില്‍ സ്ഥാപിതമായി. ഇന്നുള്ള ആശുപത്രി കെട്ടിടത്തില്‍ ആശുപത്രി ആരംഭിച്ചത് 1957-ലാണ്. 1957-ല്‍ പാറയില്‍ ആദ്യത്തെ മൃഗാശുപത്രി തുടങ്ങി. 1956- ല്‍ ഇവിടെ ടെലിഫോണ്‍ കണക്ഷന്‍ ലഭിച്ചു.പാലക്കാട്ടെ സുല്‍ത്താന്‍ പേട്ടയേയും, പൊള്ളാച്ചിയിലെ പേട്ടയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതും, മലഞ്ചരക്കു വ്യാപാരത്തിനായി രൂപം കൊടുത്തതും അതിപുരാതന കാലം മുതല്‍ ഉള്ളതും പില്‍ക്കാലത്ത് സ്റ്റേറ്റ് ഹൈവേ ആയിതീര്‍ന്നതുമായ പാലക്കാട്-പൊള്ളാച്ചി റോഡ് ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. കലാസാംസ്കാരിക രംഗത്ത് മോശമല്ലാത്ത ഒരു ചരിത്രം ഈ പ്രദേശത്തിനുണ്ട്. മാര്‍ക്കണ്ഡേയ നാടകം, ഹരിശ്ചന്ദ്ര നാടകം, ആര്യമാലക്കളി, പൊറാട്ടു നാടകം, പാവക്കൂത്ത്, ക്ഷേത്രാനുഷ്ഠാനകലകള്‍, പുള്ളുവന്‍പ്പാട്ട്, കളമെഴുത്തുപാട്ട്, തിരുവാതിരക്കളി തുടങ്ങിയവയ്ക്ക് പേരുകേട്ടതായിരുന്നു ഇവിടം. പള്ളത്തേരി പരിക്കഞ്ചേരി അമ്പലം, മാമ്പുള്ളിക്കാവ് രാമശ്ശേരി മന്നത്ത് ഭഗവതി ക്ഷേത്രം, എലപ്പുള്ളി ദേവീ ക്ഷേത്രം, ശിവക്ഷേത്രം, തേനാരി ശിവക്ഷേത്രം, പാറ മാങ്കരയമ്മന്‍ കോവില്‍, ഏറാഞ്ചേരി പള്ളി, കോവില്‍പാളയം ക്രിസ്ത്യന്‍ പള്ളി എന്നിവയൊക്കെ പുരാതനവും പ്രശസ്തവുമായ ദേവാലയങ്ങളാണ്. ചെറുകുന്നുകളും താഴ്വരകളും സമതലപ്രദേശങ്ങളും ഉള്‍പ്പെടുന്ന പഞ്ചായത്താണ് എലപ്പുള്ളി. പാലക്കാട്-പൊള്ളാച്ചി പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകുടി കടന്നുപോകുന്നു. ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണ്.

വിദ്യാഭ്യാസം

ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ഗുരുകുലസമ്പ്രദായവും കുടിപ്പള്ളിക്കൂടങ്ങളും തന്നെയാണ് ആദ്യകാലത്ത് എലപ്പുള്ളി പ്രദേശത്തുമുണ്ടായിരുന്നത്. മേച്ചേരിപാടത്തെ എഴുത്തച്ഛന്റെ അടുത്തു ചെന്ന് വിദ്യ അഭ്യസിച്ചിരുന്നവരുടെ ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. എങ്കിലും 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാണിക്കത്ത് കുട്ടിക്കൃഷ്ണമേനോന്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് ഇവിടെ ഔപചാരിക വിദ്യാഭ്യാസത്തിന് ആരംഭം കുറിച്ചതെന്നു പറയാം. അന്നത്തെ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂരിലേക്ക് കുട്ടികളെ അയച്ചു പഠിപ്പിക്കുവാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം നല്‍കി. ഇന്ന് എലപ്പുള്ളി തറയില്‍ പ്രവര്‍ത്തിക്കുന്ന, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള രണ്ടു പള്ളിക്കൂടങ്ങള്‍, രാമശ്ശേരി സ്കൂള്‍, എലപ്പുള്ളി ഹൈസ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ കുട്ടിക്കൃഷ്ണമേനോന്‍ നല്‍കിയ സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.

സാംസ്കാരിക ചരിത്രം

കേരളത്തില്‍ തുടങ്ങിവെച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തോടൊപ്പം തന്നെ എലപ്പുള്ളി പഞ്ചായത്തിലും അതിന്റെ അലയൊലികള്‍ ദൃശ്യമായിരുന്നു. ഇതിന്റെ ഭാഗമെന്നോണം പഞ്ചായത്തോഫീസിനുള്ളില്‍ ഒരു ലൈബ്രറി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് തേനാരി, രാമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വായനശാലകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 1932-കാലഘട്ടത്തില്‍ തേനാരി പ്രദേശത്ത് ഒരു കലാസമിതി സ്വന്തമായി നാടകരചന നടത്തി അഭിനയിച്ചവതരിപ്പിച്ചിരുന്നു. നാടകത്തിനുവേണ്ട പശ്ചാത്തലഗാനങ്ങള്‍ സ്വയം അഭ്യസിച്ചുകൊണ്ടാണ് അക്കാലത്ത് നാടകരംഗത്തുള്ളവര്‍ നിലനി‍ന്നിരുന്നത്. ഉതുവക്കാട് മാര്‍ക്കണ്ഡേയന്‍ നാടകം, എണ്ണപ്പാടം ആര്യമാലക്കളി എന്നിവ എടുത്തുപറയേണ്ടതാണ്. അമ്മായി, പഞ്ചതന്ത്രം, വിരുതന്‍ ശങ്കു, തുടങ്ങിയ നോവലുകള്‍ രചിച്ച കാരാട്ട് അച്യുതമേനോനും വൃക്ഷംസാക്ഷി, ചന്ദ്രഹാസ ചരിതം, ഭക്തമാല എന്നീ കൃതികളുടെ കര്‍ത്താവായ കുട്ടികൃഷ്ണ മേനോനും എലപ്പുള്ളി നിവാസികളായിരുന്നു. വാസു ഫിലിംസ് സ്ഥാപിച്ച വാസുമേനോനും എലപ്പുളളിയില്‍ ജനിച്ചയാളാണ്. വേങ്ങേടി ആറ്റാഞ്ചേരി വീട്ടില്‍ വി.ആര്‍. ഗോപിനാഥിന്റെ ഉണ്ണിക്കുട്ടന് ഒരു ജോലി കിട്ടി എന്ന സിനിമയ്ക്ക് നാഷണല്‍ ആവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് തേനാരി. തേനരുവി എന്ന പേര് ലോപിച്ച് തേനാരി എന്നായതാണെന്ന് പറയപ്പെടുന്നു. എന്നും നിലക്കാത്ത നീര്‍ധാര പൊഴിക്കുന്ന ഒരു തീര്‍ഥം ഇവിടെയുണ്ട്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാമനും, സീതയുമാണ്. കാളയുടെ വായില്‍ നിന്നും വരുന്ന നീര്‍ധാര പ്രസിദ്ധമായ കാശീതീര്‍ത്ഥമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീരാമന്റെ വനവാസകാലത്ത് പത്നിയായ സീതാദേവിക്ക് ദാഹമുണ്ടായപ്പോള്‍ രാമന്‍ എയ്ത ശരം കാശിയില്‍ ചെന്ന് പതിക്കുകയും അവിടെ നിന്ന് തീര്‍ത്ഥം പൊഴിയുകയും സീതയുടെ ദാഹം തീരുകയും ചെയ്തതായാണ് ഐതിഹ്യം. ശംഖുചക്രപ്പാറയില്‍ ശംഖും, ചക്രവും വരച്ച ചിഹ്നങ്ങളും ഇപ്പോഴും കാണാവുന്നതാണ്. വാസ്തുശില്പകലയുടെ ഉദാത്തമാതൃകയായ തേനാരി ശിവക്ഷേത്രം ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിച്ചുവരുന്നു. ഇതിനു തൊട്ടടുത്തായുള്ള തേനാരി “തൃക്കുഴി അമ്മ” എന്ന ദേവീപ്രതിഷ്ഠ വളരെ പ്രസിദ്ധമാണ്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സഹോദരിയാണ് തൃക്കുഴിയമ്മ. പിണങ്ങിയിരിക്കുന്ന ഈ സഹോദരിമാരുടെ “തട്ടകത്തില്‍” വസിക്കുന്ന തേനാരി പ്രദേശത്തുകാര്‍ ആരും തന്നെ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിനു പോവാറില്ല. മാത്രമല്ല, ഭരണിക്കു പോകുന്നവരുടെ ഭസ്മം (പ്രസാദം) ഇന്നും ഇവിടെയുള്ളവര്‍ നിരസിക്കാറുണ്ട്. പഞ്ചായത്തിലെ വളരെ പ്രധാനപ്പെട്ട വേറൊരു ക്ഷേത്രമാണ് പാറമാങ്കരയമ്മന്‍ ക്ഷേത്രം. ഈ ക്ഷേത്രത്തിന് ഏതാണ്ട് 900 വര്‍ഷം പഴക്കമുണ്ട്. ബാര്‍ട്ടര്‍ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് കച്ചവടക്കാരായ തമിഴ് ചെട്ടിയാന്‍മാര്‍ അവിടെ ധാരാളമായി വിളയുന്ന പാശിപയര്‍(ചെറുപയര്‍) കേരളത്തില്‍ കൊടുത്ത് സുഗന്ധവിളയായ കുരുമുളക് പകരം വാങ്ങികൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു. കാളകളുടെ ചുമലില്‍ പാശിപയറും ഏറ്റി വരുന്ന വ്യാപാരികള്‍ക്ക് പാറപ്രദേശം ഒരു ഇടത്താവളമായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങള്‍ മാമ്പുള്ളി ഭഗവതി വേല, രാമശ്ശേരി കുമ്മാട്ടി, എലപ്പുള്ളി വിഷുവേല, എന്നിവയാണ്. ഇവയില്‍ മാമ്പുള്ളി വേല ഒരു പ്രത്യേക സമുദായക്കാര്‍ മാത്രം നടത്തുന്ന വേലയാണ്. വിവിധ പ്രദേശങ്ങളില്‍ പെട്ട 64 ദേശങ്ങളുടെ അടിമക്കാവ് ആയാണ് മാമ്പുള്ളിക്കാവ് അറിയപ്പെടുന്നത്. ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തു ചേര്‍ന്ന് കൂട്ടുപൂജ നടത്തി വരാറുണ്ട്. പഞ്ചായത്തിലെ പ്രബല സമുദായമായ ഈഴവര്‍ ഉള്‍പ്പെടുന്ന ദേശക്കാര്‍ പണ്ട് ഗ്രാമസഭ നടത്തി വന്നിരുന്നു. സാമുദായിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണുവാനും ഈ ഗ്രാമസഭ സഹായകരമായിട്ടുള്ളതായും പറയപ്പെടുന്നു. പൊറാട്ടുകളി കൊയ്ത്തുകഴിഞ്ഞ ശേഷം നടത്തുക പതിവുണ്ട്. കാര്‍ഷികമേഖലയുടെ സംരക്ഷകരെന്നറിയപ്പെടുന്ന കുടുംബദൈവങ്ങളാണ് കണ്ടാകര്‍ണ്ണന്‍, വെളുത്തന്‍, മല്ലന്‍, മുതിയപ്പന്‍ കാളി തുടങ്ങിയ ദൈവങ്ങള്‍. ഇവര്‍ മൃഗബലിയും, പക്ഷിബലിയുമൊക്കെയുള്‍പ്പെട്ട പ്രത്യേക പൂജാദികള്‍ വര്‍ഷംതോറും നടത്തി വരാറുണ്ട്. മരിച്ചുപോയ പുണ്യാത്മാക്കള്‍ക്ക് ബലിച്ചോറ് നല്‍കികൊണ്ട് വാവുകുളി എന്ന ഉത്സവം തേനാരി തീര്‍ത്ഥകുളത്തില്‍ എല്ലാവര്‍ഷവും തുലാമാസത്തിലെ വാവുദിവസം നടത്തിവരുന്നുണ്ട്. കര്‍ക്കിടകവാവും ഇവിടെ പ്രധാനമാണ്. കൊല്ലത്തില്‍ ഒരു പ്രാവശ്യം കുന്നുകാട് ക്രിസ്ത്യന്‍ പള്ളിയില്‍ നടത്തുന്ന മൃഗബലിപൂജ വേണ്ടുതല്‍പൂജ എന്നറിയപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും ഈ പൂജാകര്‍മ്മങ്ങള്‍ക്കായി അനേകം ആളുകള്‍ പക്ഷിമൃഗാദികളുമായി ഇവിടെ എത്താറുണ്ട്. കോവില്‍പ്പാളയം, കൊട്ടില്‍പ്പാറ തുടങ്ങിയ പള്ളികളില്‍ ഓരോ വര്‍ഷവും തേരുത്സവം നടത്തുക പതിവാണ്. ഇന്നും വളരെ പ്രചാരത്തിലുള്ള ചെണ്ട, മുതിരം പള്ളത്ത് ഒരു സംഘം ഗ്രാമീണര്‍ കൊണ്ടു നടക്കുന്ന പറവാദ്യം ,നൊച്ചിക്കാടു ഭാഗത്തു നിലവിലുള്ള ഉടുക്കുപാട്ട്, എണ്ണപ്പാടത്തെ തപ്പട്ട എന്നിവ പ്രസിദ്ധമാണ്. മണ്ണാന്‍പാട്ട്, തട്ടിന്‍മേല്‍ കൂത്ത് തുടങ്ങിയ നാടന്‍ കലാരൂപങ്ങളും കുംഭക്കളി നാദസ്വരം, തകില്‍ തുടങ്ങിയ നാദവാദ്യോപകരണസംഘങ്ങളും ഈ പ്രദേശത്തുണ്ട്. മൃദംഗത്തില്‍ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ വ്യക്തിയാണ് സജീവന്‍. നാടന്‍ കായിക വിനോദങ്ങള്‍ ഇന്നും ഈ പ്രദേശത്ത് പ്രചാരത്തിലുണ്ട്. കബടി, വടംവലി, പുള്ളുകളി, തലപന്ത്, ഗോലികളി മുതലായവയാണവ. കൂടാതെ കയര്‍ചാട്ടം, പല്ലാങ്കുഴികളി ഇവ സ്ത്രീകള്‍ക്കായുള്ള പ്രത്യേക വിനോദങ്ങളാണ്.

പഞ്ചായത്തിലൂടെ

എലപ്പുള്ളി - 2010

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന എലപ്പുള്ളി ഗ്രാമപഞ്ചായത്ത് ചെറുകുന്നുകളും താഴ്വരകളും സമതലപ്രദേശങ്ങളും ചേര്‍ന്നതാണ്. കോരയാര്‍പുഴയും വണ്ടിത്തോടും-നിരവധി കുളങ്ങളും ചേര്‍ന്നതാണ് ഉപരിതലജലസ്രോതസ്സെങ്കിലും വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍ പാറ നിറഞ്ഞതാണ്. ചരിവുകളിലും സമതലപ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്. ഇതില്‍തന്നെ നെല്‍കൃഷിയാണ് പ്രധാനം. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 316 പൊതുകുളങ്ങള്‍ ഉള്ളത് ജലസേചനത്തിനായി പ്രയോജനപ്പെടുത്തുന്നു. ഇവിടുത്തെ പ്രധാന പുഴകള്‍ കോരയാര്‍പ്പുഴയും, വണ്ടിത്തോടുമാണ്.  വാളയാര്‍ കനാലും കുന്നംകാട്ടുപതിയുമാണ് പഞ്ചായത്തിലെ പ്രധാന കനാലുകള്‍. ഇവയും കൃഷിയിടങ്ങള്‍ ജലസേചിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. പഞ്ചായത്തിലെ ഭൂരിഭാഗം കൃഷിയും അതുകൊണ്ട് തന്നെ വാളയാര്‍ അണക്കെട്ടിലാണ്. നെല്ലിനു പുറമെ നിലക്കടല, കരിമ്പ്, പരുത്തി, ചോളം, ഉഴുന്ന്, എള്ള്, കൊള്ള് (മുതിര), ചാമ, കോറ തുടങ്ങിയ വിളകളും പഞ്ചായത്തില്‍ കൃഷി ചെയ്യുന്നുണ്ട്. മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ എലപ്പുള്ളിയിലാണ് ഒരു മൃഗസംരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഉപകേന്ദ്രങ്ങള്‍ എണ്ണപ്പാടത്തും എടുപ്പുകുളത്തും സ്ഥിതി ചെയ്യുന്നുണ്ട്. 1969-ലാണ് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 13 വാര്‍ഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന പഞ്ചായത്തിന്റെ വിസ്തൃതി 49.07 ചതുരശ്രകിലോമീറ്ററാണ്.  ഈ പഞ്ചായത്തിലെ പ്രധാന കുടിവെള്ളസ്രോതസ്സ് കിണറുകള്‍ തന്നെയാണ്. എന്നാല്‍ മിക്ക കിണറുകളും വേനല്‍ക്കാലത്ത് വറ്റിപ്പോകുന്നവയാണ്. 162 പൊതുകിണറുകളും 626 പൊതു കുടിവെള്ളടാപ്പുകളും ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിന് കുറച്ചെങ്കിലും ആശ്വാസമാകുന്നു. പഞ്ചായത്ത് പരിധിക്കുള്ളില്‍ വരുന്ന തേനാരി തീര്‍ത്ഥം വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി  സ്ഥാപിച്ചിരിക്കുന്ന 850 തെരുവു വിളക്കുകള്‍ വീഥികള്‍ക്ക് രാത്രികാലങ്ങളില്‍ വെളിച്ചം പകരുന്നു. ഇവിടുത്തെ പൊതുവിതരണമേഖലയില്‍ 13 റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു നീതി സ്റ്റോറും പേട്ടയിലുള്ള ഒരു മാവേലി സ്റ്റോറും പഞ്ചായത്തിലെ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ്. പഞ്ചായത്തിന്റേതായി ഒരു കമ്മ്യൂണിറ്റി ഹാളും, ശിവക്ഷേത്ര, ജയലക്ഷ്മി, കൃഷ്ണശ്രീ  എന്നിങ്ങനെ മൂന്നു കല്യാണമണ്ഡപങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എലപ്പുള്ളിയിലാണ്. ഇവിടെ തന്നെയാണ് ബി.എസ്.എന്‍.എല്‍-ന്റെ ഓഫീസും കൃഷിഭവനും സ്ഥിതി ചെയ്യുന്നത്. പാറ, എലപ്പുള്ളി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന വില്ലേജ് ഓഫീസുകളുടെ അധികാരപരിധിയിലാണ് ഈ ഗ്രാമപഞ്ചായത്ത് വരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന പോസ്റ്റ് ഓഫീസും വണ്‍മാന്‍ ട്രസ്റ്റും, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായി ഗ്രാമപഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു പ്രധാന സ്ഥാപനം അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയാണ്. പാറ, പള്ളത്തേരി, തേനാരി, രാമശ്ശേരി, എടുപ്പുകുളം, വേങ്കോടി, ഇരട്ടകുളം എന്നിവിടങ്ങളിലായി തപാല്‍/കൊറിയര്‍ സര്‍വ്വീസുകളും സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ആദ്യമായി ഒരു ക്ഷീരഗ്രാമപഞ്ചായത്ത് രൂപീകരിച്ചത് ഇവിടെയാണ്, കൂടാതെ രാഷ്ട്രപതിയുടെ നിര്‍മ്മല്‍ പുരസ്കാര അവാര്‍ഡും നേടിയിട്ടുണ്ട്. ഇവിടുത്തെ രാമശ്ശേരി ഇഡ്ഡലി പ്രസിദ്ധമാണ്. പഞ്ചായത്തിന്റെ കിഴക്കുപടിഞ്ഞാറായി ഏകദേശം മധ്യഭാഗത്തുകൂടി കടന്നുപോകുന്ന കോഴിക്കോട്-പൊള്ളാച്ചി (നാഷണല്‍ ഹൈവേ 217) യാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡ്. ഡോക്ടര്‍ ലോഹന്‍ വില്യംസിന്റെ 1906-ല്‍ പ്രസിദ്ധീകരിച്ച ”മാന്വല്‍ ഓഫ് മലബാര്‍ ഡിസ്ട്രിക്ട്” എന്ന പുസ്തകത്തില്‍ പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കുണ്ടായിരുന്ന നടപ്പാത, ടിപ്പുവിനെതിരെ യുദ്ധം ചെയ്യാന്‍ 1783-ല്‍ ബ്രിട്ടീഷ് പട്ടാളം യുദ്ധോപകരണങ്ങള്‍ കയറ്റിയ കുതിരവണ്ടിക്കും, കാളവണ്ടിക്കും വരാനുള്ള പാതയാക്കി മാറ്റി എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പാതയാണ് പില്‍ക്കാലത്ത് പാലക്കാട്-പൊള്ളാച്ചി സ്റ്റേറ്റ് ഹൈവേയായതും തുടര്‍ന്ന് ദേശീയപാത 217 ആയിമാറിയതും. പാലക്കാട് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷന്‍. ഇവിടുത്തെ ജനങ്ങള്‍ വിദേശയാത്രാസൌകര്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് ഏറ്റവും അടുത്തുകിടക്കുന്ന കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പഞ്ചായത്തിന് അടുത്തുള്ള തുറമുഖം കൊച്ചി തുറമുഖമാണ്. പഞ്ചായത്തിനകത്തോ തൊട്ടടുത്തോ ആയി ജലഗതാഗതകേന്ദ്രങ്ങള്‍ ഒന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല. പാലക്കാട് ബസ് സ്റ്റാന്റ് ആണ് ഇവിടുത്തെ റോഡുഗതാഗതം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന ഒരു സ്ഥലം. കാര്‍ഷികഗ്രാമമായ എലപ്പുള്ളി പഞ്ചായത്തില്‍ വിവിധ പാരമ്പര്യത്തൊഴിലുകളില്‍ വൈദഗ്ദ്ധ്യം നേടിയവരാണ് അധികവും. ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വന്നശേഷം കര്‍ഷകരുടെ ജീവിതനിലവാരത്തില്‍ മാറ്റം പ്രതിഫലിച്ചെങ്കിലും മറ്റു ഉല്പാദനമേഖല തെരഞ്ഞെടുക്കുന്നതില്‍ വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നു മാത്രമല്ല ചില പ്രയോഗിക കാരണങ്ങളാല്‍ വൈമുഖ്യവും പ്രകടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ ആദ്യവ്യവസായം പാറയില്‍ ശ്രീ കല്ലിംഗചെട്ടിയാര്‍ 1939-ല്‍ തുടങ്ങിയ റൈസ് മില്ലായിരുന്നു. ഇന്ന് പഞ്ചായത്തില്‍ വന്‍കിട-ചെറുകിട മേഖലകളിലായി  ചില വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കണ്ണാശുപത്രി, ഇലക്ട്രോമെറ്റല്‍സ്, ഗ്ളൌസ് തുടങ്ങിയ വന്‍കിട വ്യവസായങ്ങള്‍ ഇവിടുത്തെ വ്യവസായരംഗത്തെ പുരോഗതിയുടെ ഭാഗമാണെന്നു പറയാം. ശ്രീരാം ഇന്‍ഡസ്ട്രീസ്, കെല്‍ടെക്സ്, ബോട്ടില്‍, എക്സല്‍ കോറി ഗേറ്റഡ് ബോക്സ്, ഫര്‍ണീച്ചര്‍ തുടങ്ങി ചില ഇടത്തരം വ്യവസായങ്ങളും, നെയ്ത്ത്, മണ്‍പാത്രം, കൊട്ട എന്നിങ്ങനെ പരമ്പരാഗത വ്യവസായങ്ങളും പഞ്ചായത്തിലുണ്ട്. കൃപ ഫ്യൂവല്‍സ് എന്ന പേരില്‍ ഒരു പെട്രോള്‍ ബങ്കും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രമായി നിലകൊള്ളുന്നത് പാറ ടൌണ്‍ ആണ്. കൂടാതെ എലപ്പുള്ളിയില്‍ ഒരു ഷോപ്പിംഗ് കോംപ്ളക്സും പാറയില്‍ ഒരു ആഴ്ചചന്തയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എലപ്പുള്ളി പഞ്ചായത്തിലെ ആരോഗ്യരംഗം മുന്‍കാലത്ത് പ്രധാനമായും ആയുര്‍വേദ ചികിത്സാരീതിയെയും നാട്ടുചികിത്സാരീതിയെയുമാണ് ആശ്രയിച്ചിരുന്നത്. ഹോമിയോപ്പതി ചികിത്സാരീതിയും അക്കാലത്ത് പഞ്ചായത്തിന്റെ ആരോഗ്യപരിപാലനരംഗത്ത് നിലനിന്നിരുന്നു. ഇന്ന് ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും അതിന്റെ ഉപകേന്ദ്രങ്ങളുമായി 17-ഓളം ചികിത്സാകേന്ദ്രങ്ങള്‍ പഞ്ചായത്ത് പരിധിക്കുള്ളില്‍ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നു. ഇതുകൂടാതെ പേട്ടയില്‍ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും, പാറയില്‍ ഒരു ആയുര്‍വേദ ഡിസ്പെന്‍സറിയും, തേനാരിയില്‍ ഒരു ഹോമിയോ ആശുപത്രിയും പഞ്ചായത്തിലെ ആരോഗ്യപരിപാലന സംവിധാനങ്ങളുടെ ഭാഗമാണ്. ഗ്രാമപഞ്ചായത്തിന്റേതായി റോട്ടറി ക്ളബ് എന്ന പേരില്‍ ആംബുലന്‍സ് സേവനസൌകര്യവും ഇവിടെ ലഭ്യമാണ്. ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരവിനുമുമ്പ് ഗുരുകുല വിദ്യാഭ്യാസവും കുടിപള്ളിക്കൂടങ്ങളും തന്നെയാണ് എലപ്പുള്ളി പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മാണിക്കത്ത് കുട്ടിക്കൃഷ്ണമേനോന്‍ നടത്തിയ സാമൂഹ്യപ്രവര്‍ത്തനങ്ങളാണ് ഔപചാരിക വിദ്യാഭ്യാസത്തിന് നാന്ദി കുറിച്ചതെന്നു പറയാം. ഇന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൌകര്യം ഒരുക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ പഞ്ചായത്തിലെ എലപ്പുള്ളി, കുന്നാച്ചി, തേനാരി, രാമശ്ശേരി, എണ്ണപ്പാടം തുടങ്ങി പല സ്ഥലങ്ങളിലായി  എല്‍.പി, യു.പി, ഹൈസ്കൂളുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ എലപ്പുള്ളി ഹൈസ്കൂള്‍ ഇവിടുത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. സ്വകാര്യമേഖലയില്‍ വിദ്യാഭ്യാസ സൌകര്യങ്ങള്‍ ലഭ്യമാക്കി രണ്ട് സ്കൂളുകള്‍ പഞ്ചായത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പഞ്ചായത്തിനകത്ത് പറയത്തക്ക സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃത സര്‍വ്വകലാശാലയുടെ ഒരു പ്രാദേശികകേന്ദ്രം മാത്രമാണ് ഇവിടെ ഉപരിപഠനത്തിനായി നിലകൊള്ളുന്നത്. ഇവിടുത്തെ സാംസ്ക്കാരിക ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പ്രധാനമായും മൂന്നു മതവിഭാഗക്കാരാണ് പഞ്ചായത്തില്‍ ഉള്ളത്. ഹിന്ദുക്കള്‍, മുസ്ളീങ്ങള്‍, ക്രിസ്ത്യാനികള്‍ ഇവരുടേതായി നിലകൊള്ളുന്ന നിരവധി ആരാധനാലയങ്ങള്‍ വലിയൊരളവുവരെ ഇവിടുത്തെ സാംസ്കാരിക ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. തേനാരി ശ്രീരാമക്ഷേത്രം കേരളത്തിന്റെ ടൂറിസ്റ്റു ഭൂപടത്തില്‍ സ്ഥാനം പിടിച്ച പ്രസിദ്ധമായ ഒരു ഹിന്ദു ആരാധനാലയമാണ്. ഇതിനുപുറമേ മാങ്കര അമ്മന്‍കോവില്‍, മന്നത്ത് ഭഗവതി ക്ഷേത്രം, വാഴക്കോട് പള്ളി, ഉമീം പള്ളി, കോവില്‍ പാളയം ചര്‍ച്ച്, പ്ളാസം പതി ചര്‍ച്ച് എന്നിങ്ങനെ വിവിധ മതവിഭാഗക്കാരുടേതായി ധാരാളം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഹിന്ദു ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന രാമശ്ശേരികുമാട്ടി, മാമ്പുള്ളി വേല, എലപ്പുള്ളി വിഷു വേലകള്‍ എന്നിങ്ങനെ വിവിധ ആഘോഷങ്ങളും ഉത്സവങ്ങളും വിവിധ സമുദായക്കാര്‍ കൂട്ടായും വേര്‍പിരിഞ്ഞും നടത്തിവരാറുണ്ട്. ഇത്തരം ഉത്സവങ്ങളും ആചാരങ്ങളും ഇവിടുത്തെ സാംസ്ക്കാരിക തനിമയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കോനാത്തു രാമകൃഷ്ണന്‍കുട്ടി മേനോന്‍, “അമ്മായി”, “പഞ്ചതന്ത്രം”, “വിരുതന്‍ശങ്കു” തുടങ്ങിയ നോവലുകളുടെ സ്രഷ്ടാവായ പ്രമുഖ നോവലിസ്റ്റ് കാരാട്ട് അച്യുതമേനോന്‍, പ്രസിദ്ധ സാഹിത്യകാരനായ മാണിക്കത്ത് കുട്ടിക്കൃഷ്ണമേനോന്‍, ഭഗവത്ഗീത വിവര്‍ത്തനം ചെയ്ത കെ.വി. മേനോന്‍, ചെറുകഥാകൃത്തായ കാരാട്ട് വസന്തകുമാരി, സിനിമാ നിര്‍മ്മാതാവായ നാപംവീട് വാസുദേവന്‍ നായര്‍, സിനിമാരംഗത്ത് തന്നെ പ്രശസ്തിയാര്‍ജ്ജിച്ച നാപംവീട് രഘുവരന്‍, രവിമേനോന്‍ സംഗീതരംഗത്ത് പേരുകേട്ട മാണിക്യത്ത് രത്നവല്ലി, ഓട്ടന്‍തുള്ളല്‍ കലാകാരനായ  ചടക്കിംഗല്‍ ശങ്കരന്‍ നായര്‍, ജഡ്ജിയായി പ്രവര്‍ത്തമനുഷ്ഠിച്ച ഏക്തണത്ത് അച്യുതന്‍ ഉണ്ണി എന്നിവര്‍ ഈ പഞ്ചായത്തിന്റെ സാമൂഹ്യസാംസ്കാരിക മേഖലയെ പുഷ്ടിപ്പെടുത്തിയവരാണ്. കഥാപ്രാസംഗികനായ മനവഴി സേതുമാധവന്‍, സിനിമാസംവിധായകനായ വി.ആര്‍. ഗോപിനാഥ്, സിനിമയില്‍തന്നെ പേരെടുത്തെ മധുമേനോന്‍, ലഫ്റ്റനന്റ് ജനറലായ മാണിക്യത്ത് രമേഷ് മേനോന്‍, കേണല്‍മാരായ  മാണിക്യത്ത് സതീശ് മേനോന്‍, ചക്രവാണി മേനോന്‍ എന്നിവര്‍ ഇന്നും ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളായി നിലകൊള്ളുന്നു. പഞ്ചായത്തിലെ കലാരംഗത്ത് പ്രോത്സാഹനം നല്‍കുന്ന ഒരു സംഘടനയാണ് മേനോമ്പാറ ശ്രീകൃഷ്ണ മ്യൂസിക്കല്‍ അക്കാദമി. ചൈതന്യ ആര്‍ട്ട്സ് & സ്പോര്‍ട്സ് ക്ളബ്, നെഹ്റു ലൈബ്രറി & പാര്‍ക്ക് തുടങ്ങി ചില വായനശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഗ്രന്ഥശാലകള്‍ ഒന്നും തന്നെയില്ല.